സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ശ്രീശാന്ത് ക്ലീന്‍ ബൗള്‍ഡ്‌


ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ ദേശീയ ക്രിക്കറ്റില്‍ കേരളത്തിന്റെ മേല്‍വിലാസമായ എസ് ശ്രീശാന്തിന്റെ കളിജീവിതം അവസാനിക്കുന്നു. പ്രാഥമിക നടപടിയായി ബി.സി.സി.ഐ ശ്രീശാന്തിനെ സസ്‌പെന്റ് ചെയ്തു. ശീശാന്തിനൊപ്പം അറസ്റ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റ് രണ്ട് താരങ്ങളെയും ബി.സി.സി.ഐ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ബി.സി.സി.ഐ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇത് വളരെ ഗൗരവമുള്ള വിഷയമാമെന്നും ആരോപണങ്ങള്‍ ശരിയാമെന്ന് തെളിഞ്ഞാല്‍ കളിക്കാര്‍ക്ക് ആജീവാന്ത വിലക്കേര്‍പ്പെടുത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുളള ടീമിലേക്ക് പരിഗണിക്കവേയാണ് ശ്രീശാന്ത് കെണിയിലായത്. ശക്തമായ തെളിവുകളാണ് ഡല്‍ഹി പൊലീസ്  നിരത്തിയിരിക്കുന്നത്. അറസ്റ്റിന് മുന്‍പ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും തെളിവുകള്‍ ശേഖരിച്ചുവെന്നും വ്യക്തം.

കാര്യങ്ങള്‍ ഇത്രത്തോളമായതോടെ നിരപരാധിത്വം തെളിയിക്കണമെങ്കിലും ശ്രീശാന്തിന് നിരവധി കടമ്പകള്‍ കടക്കേണ്ടി വരും. ഇതിനിടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിക്കുമെന്നുറപ്പാണ്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ കുറ്റാരോപിതനായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിന്‍ കുറ്റവിമുക്തനാക്കപ്പെട്ടത് 2012ല്‍ ആയിരുന്നു. ഈ കാലതാമസം സ്വാഭാവികമായും ശ്രീശാന്തും നേരിടേണ്ടിവരും.

കുറ്റക്കാരനാണെന്ന് പൂര്‍ണമായും തെളിയിക്കപ്പെട്ടാല്‍ അത് കേരള ക്രിക്കറ്റിനെയും സാരമായി ബാധിക്കും. സഞ്ജു വി സാംസണ്‍ ഉള്‍പ്പടെയുളള യുവതാരങ്ങള്‍ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തുമ്പോഴാണ് ശ്രീശാന്ത് പിടിക്കപ്പെട്ടിരിക്കുന്നത്. മലായാളികളായ സഞ്ജുവും സച്ചിന്‍ ബേബിയുമെല്ലാം രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളാണ്.

സത്യസന്ധതയില്ലാത്ത കളിക്കാരാണ് വാതുവെപ്പില്‍ ഏര്‍പ്പെടുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സ് ടീം സഹഉടമ രാജ് കുന്ദ്ര പ്രതികരിച്ചു. ഐ.പി.എല്ലില്‍ ഏതെങ്കിലും ടീം ഒന്നടങ്കം വാതുവെപ്പില്‍ ഏര്‍പ്പെടുമെന്ന് കരുതുന്നില്ലെന്നും ശ്രീശാന്ത്, അജിത് ചണ്ഡില, അങ്കിത് ചവാന്‍ എന്നിവരുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കവെ കുന്ദ്ര പറഞ്ഞു. റോയല്‍സ് ഉടമ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവാണ് രാജ്.

Post a Comment

0 Comments