സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഇതാ, മലപ്പുറത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്

മലപ്പുറം: കാലിലും മനസ്സിലും ഫുട്‌ബോള്‍ ആവേശം കൊരുത്ത മലപ്പുറത്തിന് ആര്‍പ്പുവിളിക്കാന്‍ സ്വന്തം ക്ലബ് വരുന്നു. വലിയ സ്വപ്നങ്ങളുമായി മലപ്പുറം ഫുട്‌ബോള്‍ ക്ലബ് (എം എഫ് സി) ഏപ്രില്‍ 26ന് ഔദ്യോഗികമായി നിലവില്‍ വരും. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള യുവാക്കളാണ് ക്ലബിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ ലീഗില്‍ കളിച്ചുതുടങ്ങുന്ന ക്ലബിന്റെ ലക്ഷ്യം ഐലീഗാണ്.

 കേരള ഫുട്‌ബോള്‍ നാള്‍ക്കുനാള്‍ പിന്നാക്കം നടക്കുമ്പോഴും പ്രതീക്ഷയുടെ തുരുത്താണ് മലപ്പുറത്തെ കളിപ്രേമം. മഞ്ചേരിയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് മലപ്പുറത്തുകാര്‍ കാല്‍പ്പന്തുകളിയെ എത്രമാത്രം നെഞ്ചേറ്റിയിരിക്കുന്നുവെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഈ കളിയാവേശം തന്നെയാണ് ഒരുകൂട്ടം ചെറുപ്പക്കാരെ മലപ്പുറം ഫുട്‌ബോള്‍ ക്ലബ് എന്ന സ്വപ്നത്തിലേക്ക് നയിച്ചത്. ന്യൂജനറേഷന്‍ വഴിയിലൂടെയാണ് എം എഫ് സിയുടെ പിറവിയും മുന്നോട്ടുള്ള പോക്കും. ഫേസ്ബുക്കിലെ ഫുട്‌ബോള്‍ പ്രേമികളുടെ ചര്‍ച്ചകളും വിശകലനങ്ങളുമാണ് എം എഫ് സി എന്ന ആശയത്തിലെത്തിയത്. പ്രദേശിക ക്ലബ് എന്ന ആശയം മലപ്പുറത്തിന്റെ പൊതുവികാരം എന്ന തലത്തിലേക്ക് വികസിപ്പിക്കുകയായിരുന്നുവെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന സത്താര്‍ കിഴക്കയില്‍ പറഞ്ഞു.

 ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവരുടെ ഫുട്‌ബോള്‍ ആവേശമാണ് എം എഫ് സിയുടെ പിറവിക്ക് പിന്നില്‍. ഫെഡറേഷന്‍ കപ്പ് മഞ്ചേരിയില്‍ നടന്നപ്പോള്‍ സമാനമനസ്‌കരുമായി വിശദചര്‍ച്ചകള്‍ നടത്തി. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നുള്ളവരും വലിയ ആവേശത്തിലായിരുന്നു. ഇതോടെ ചര്‍ച്ചകളുടെ ഏകോപനത്തിനായി പത്തംഗകമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്- സത്താര്‍ പറഞ്ഞു. മാര്‍ച്ച് 26ന് ക്ലബ് ഉദ്ഘാടനം ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഏപ്രില്‍ 26ലേക്ക് മാറ്റുകയായിരുന്നു.

 ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ യു ഷറഫലി, ആസിഫ് സഹീര്‍ തുടങ്ങിയ പ്രമുഖ കളിക്കാരെയെല്ലാം പങ്കെടുപ്പിക്കും. ചടങ്ങിന് മാറ്റുകൂട്ടാനായി ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കാനും സംഘാടകര്‍ ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെയും എല്ലാ എം എല്‍മാരെയും പങ്കെടുപ്പിക്കും. ഉദ്ഘാടന വേദിയില്‍ ക്ലബിന്റെ കറുപ്പും നീലയും ചേര്‍ന്ന ജഴ്‌സിയും ലോഗോയും പ്രകാശനം ചെയ്യും. മത്സരത്തിലൂടെയാണ് ക്ലബിന്റെ ലോഗോ കണ്ടെത്തുക. ആദ്യഘട്ടത്തില്‍ 360 ലോഗോ ലഭിച്ചു. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 11പേരെ ലോഗോ വീണ്ടും തയ്യാറാക്കാനായി നിര്‍ദേശിച്ചിരിക്കുകയാണ്. ക്ലബിന്റെ ആശയവും ലക്ഷ്യവും ഇവരുമായി പങ്കുവച്ചിട്ടുണ്ട്

. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് ടീമംഗങ്ങളെ കണ്ടെത്തുക. ആദ്യഘട്ടത്തില്‍ കോച്ചും ജില്ലയില്‍ നിന്നുതന്നെയായിരിക്കും. എല്ലാ അര്‍ഥത്തിലും പേരിനെ സാധൂകരിക്കുന്ന ക്ലബാണ് അണിയറയില്‍ ഒരുങ്ങുന്നത്. സി ഡിവിഷനില്‍ കളിക്കാന്‍ മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. അണ്ടര്‍ 21 ടീമിനെയാണ് ആദ്യം സജ്ജമാക്കുക. ഒറ്റയടിക്ക് മുകളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. ഘട്ടം ഘട്ടമായി ഐലീഗില്‍ കളിക്കുകയാണ് ലക്ഷ്യം. വര്‍ഷം 15 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചെലവ് ചുരുക്കാനായി ജില്ലയുടെ ആറ് മേഖലകളില്‍ ക്ലബിന്റെ സബ്‌സെന്ററുകള്‍ തുറക്കും. തുടക്കത്തില്‍ പരിശീലനം സബ്‌സെന്ററുകള്‍ വഴിയായിരിക്കും-സത്താര്‍ പറഞ്ഞു.

 കോഴിക്കോടുളള പെലാബോ എന്ന സ്ഥാപനാണ് ക്ലബിന്റെ സ്‌പോണ്‍സര്‍മാര്‍. മലപ്പുറത്തെ മിംസ് ആശുപത്രി ക്ലബിന് മെഡിക്കല്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫുട്‌ബോള്‍ പ്രേമികളുടെ പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നു. ബാസിം, ഷഹ്‌സാദ്, സക്കീര്‍, സുര്‍ജിത്, അസ്‌കര്‍, ജയ്‌സല്‍ ഹുസൈന്‍, റാഫി, ആസിഫലി, ബിജേഷ്, നസീഫ്, ജയ്‌സണ്‍, ഹാരിസ് തുടങ്ങിയവാണ് സത്താറിനൊപ്പം എം എഫ് സിയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

Post a Comment

0 Comments