സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ചുവന്നതെരുവില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്


ഫുട്‌ബോള്‍ പ്രേമികളുടെ സ്വപ്നഭൂമിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മിന്നും താരങ്ങളുള്ള, ലോകത്തിലെ ഏറ്റവും ധനിക കളിസംഘം. ഇങ്ങനെയുള്ള മാന്‍യുവിലേക്ക് കളിക്കാന്‍ ക്ഷണം ലഭിച്ചാലോ?, അതും ഒരു ഇന്ത്യന്‍ കൗമാരക്കാരന്!. തീര്‍ച്ചയായും സ്വപ്നതുല്യം.

സ്വപ്നതുല്യമായ ഈ സൗഭാഗ്യമാണ് കൊല്‍ക്കത്തയിലെ വേശ്യാതെരുവില്‍ പന്തുതട്ടുന്ന പതിനാറുകാരനായ രജീബ് റോയിയെ തേടിയെത്തിയത്. ഇന്ത്യയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തെരഞ്ഞെടുത്ത 11 പ്രതിഭാശാലികളില്‍ ഒരാളാണ് രജീബ് റോയ്. മികച്ച ഫുട്‌ബോള്‍ പ്രതികളെ കണ്ടെത്താന്‍ യുണൈറ്റഡ് സ്‌കൗട്ട്‌സ് നടത്തിയ ടൂര്‍ണമെന്റില്‍ ഗോളുകള്‍ അടിച്ചുകൂട്ടിയാണ് രജീബ്സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയത്. 

ലൈംഗികതൊഴിലാളിയായ അമ്മ രേഖയ്ക്കും അനുജനുമൊപ്പം കൊല്‍ക്കത്തയിലെ ചുവന്ന തെരുവായ സോനാഗച്ചിയിലെ ഒറ്റമുറിയിലാണ് രജീബിന്റെ താമസം.  പന്ത്രണ്ടായിരത്തോളം ലൈംഗികതൊഴിലാളികളാണ് സോനാഗച്ചിയിലുളളത്. സോനാഗച്ചിയിലെ ഇടുങ്ങിയ വഴികളിലാണ് രജീബ് ദിവസവും പന്തുതട്ടുന്നത്. തിരക്കേറിയ ഇടവഴികളില്‍ രതിദാഹം തീര്‍ക്കാനെത്തുന്നവരെ വെട്ടിയൊഴിഞ്ഞ് കളിപഠിച്ച രജീബ്കളിക്കളത്തില്‍ എതിരാളികളെ അനായാസം ഡ്രിബ്ള്‍ ചെയ്യുന്നു. ഈ ഡ്രിബ്ലിംഗ് മികവ് തന്നെയാണ് യുവതാരത്തെ മാന്‍യുവിലെത്തിച്ചത്.


രജീബിനൊപ്പം മാന്‍യു തെരഞ്ഞെടുത്ത മറ്റ് കുട്ടികളെല്ലാം സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുടെ പണത്തിളക്കത്തെ  കളിമികവുകൊണ്ട് മറികടന്നാണ് രജീബ് മാന്‍യു പരിശീലകരെ അമ്പരപ്പിച്ചത്. പന്തടക്കത്തിലും വേഗത്തിലും അസാധാരണ മിടുക്കുകാട്ടിയ തെരുവിന്റെ പുത്രനെ ലണ്ടനിലേക്ക് ക്ഷണിക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. രജീബ്അടക്കമുള്ളവര്‍ മാന്‍യു കോച്ചുമാരുടെ കീഴില്‍ പരിശീലനം നടത്തുകയാണിപ്പോള്‍.

ഇനി , കളിമികവ് തലവര മാറ്റിയ രജീബ് പറയട്ടെ...

ലൈംഗിക തൊഴിലാളിയുടെ മകന് ഇത്രവലിയ നേട്ടം ലഭിച്ചപ്പോള്‍ എന്ത് തോന്നുന്നുവെന്നാണ് എല്ലാവരും ചോദിക്കുന്നത്.
സത്യത്തില്‍ എനിക്കിതിന് എന്ത് ഉത്തരം പറയണമെന്ന് അറിയില്ല.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇത് അച്ഛന്റെ അംഗീകാരമാണെന്നാണ് കോച്ച് പറഞ്ഞത്.



ഒറ്റമുറി വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം അമ്മ പുറത്തേക്ക് പോകും. അപ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടും. പക്ഷേ, ഞാന്‍ പുറത്തുചാടി കൂട്ടുകാരൊത്ത് ഫുട്‌ബോള്‍ കളിക്കും.

മാന്‍യു ഇന്ത്യയൊട്ടാകെ നടത്തിയ ടൂര്‍ണമെന്റില്‍ നിന്ന് 30പേരെ തെരഞ്ഞെടുത്തു. അതില്‍ ഞാനുമുണ്ടായിരുന്നു. ഗോവയിലായിരുന്നു ക്യമ്പ്. ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരൊക്കെ വിമാത്തിലാണ് വന്നത്. തീവണ്ടിയില്‍ യാത്രചെയ്ത ഞാന്‍ വൈകിയാണ് ക്യാമ്പിലെത്തിയത്. അവിടെ എല്ലാവരും ഇംഗ്ലീഷില്‍ സംസാരിക്കുന്നു.

ഫുട്‌ബോളിന്റെ ഭാഷയാണ് എനിക്കറിയുന്നത്. അതെനിക്ക് ക്യാമ്പിലും കൂട്ടുകാരെ തന്നു. മുംബൈയില്‍ നിന്ന് വന്ന കൂട്ടുകാരനാണ് കോച്ചുമാര്‍ പറയുന്നതൊക്കെ എനിക്ക് പരിഭാഷപ്പെടുത്തി തന്നത്. കോച്ചുമാരും പ്രോത്സാഹിപ്പിച്ചു, സ്പാനിഷ് കളിക്കാര്‍ക്കൊന്നും ഇംഗ്ലീഷ് അറിയില്ലെന്നാണ് അവര്‍ പറഞ്ഞത്.



രണ്ടുവര്‍ഷം മുന്‍പ് ലൈംഗിക തൊഴിലാളികളുടെ മക്കള്‍ മാത്രം പഠിക്കുന്ന വിദ്യാനികേതന്‍ സ്‌കൂളില്‍ ചേര്‍ന്നതോടെയാണ് രജീബിന്റെ ജീവിതം മാറിമറിയുന്നത്. സ്‌കൂളില്‍ ഈസ്റ്റ് ബംഗാള്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ രജീബും തെരഞ്ഞെടുക്കപ്പെട്ടു. തെരുവ് ഫുട്‌ബോള്‍ ടീമിന് വേണ്ടിയായിരുന്നു ഇത്. രജീബ് അടങ്ങിയ ഈസ്റ്റ് ബംഗാള്‍ ടീം നാഗ്പൂരില്‍ നടന്ന ദേശീയ തെരുവ് ഫുട്‌ബോളില്‍ ജേതാക്കളാവുകയും ചെയ്തു. ഇതോടെ രജീബിന് കളി കാര്യമായി. തൊട്ടുപിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പരിശീലനത്തനിനുളള അവസരവും ലഭിച്ചു.

Post a Comment

0 Comments