സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

കളത്തില്‍ സിറ്റിയായിരിക്കാം, കളത്തിന് പുറത്ത് യുണൈറ്റഡ് തന്നെ രാജാക്കന്‍മാര്‍



ലണ്ടന്‍: ഫോട്ടോ ഫിനിഷില്‍ ലിവര്‍പൂളിനെ പിന്നിലാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയാണ്  ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിലെ പുതിയ ജേതാക്കള്‍. എന്നാല്‍ ക്ലബിന്റെ സ്വീകാര്യതയിലവും ആരാധകരുടെ എണ്ണത്തിലും അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ മുന്നില്‍. ആഗോളതലത്തില്‍ ഇപ്പോഴും ഏറ്റവുമധികം ആരാധകരുള്ള ടീമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

യുണൈറ്റഡിന് ലോകമെമ്പാടും 659 ദശലക്ഷം ആരാധകരാണുള്ളത്. സിറ്റി ഇതിന്റെ ഏഴയലത്ത് എത്തില്ല. മാത്രമല്ല, 28 ബില്യണ്‍ ഡോളറാണ് മാന്‍യുവിന്റെ ആസ്ഥി. റയല്‍ മാഡ്രിഡും ബാഴ്‌സലോണയും മാത്രമേ സമ്പത്തിന്റെ കാര്യത്തില്‍ മാന്‍യുവിന് മുന്നിലുള്ളൂ. ഫോര്‍ബ്‌സിന്റെ ധനിക ക്ലബുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് സിറ്റി.

24 വര്‍ഷമായി ടീമിന് തന്ത്രമോതിയ സര്‍ അലക്‌സ് ഫെര്‍ഗ്യൂസന്‍ ഇല്ലായിരുന്നു എന്നതാണ് യുണൈറ്റഡിന്റെ ഏറ്റവും വലിയ പോരായ്മ. ഫെര്‍ഗിക്ക് പകരമെത്തിയ ഡേവിഡ് മോയസിന് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ മാന്‍യുവും നിലംതൊട്ടില്ല. യൂറോപ്പ ലീഗിന് പോലും അവര്‍ക്ക് യോഗ്യതനേടാനായില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മാന്‍യു ശക്തമായി തിരിച്ചുവരുമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു സീസണിലെ തിരിച്ചടികൊണ്ട് മാന്‍യുവിനെ എഴുതിത്തള്ളാനാവില്ല. ലോകത്തില്‍ ഏറ്റവും അരാധകര്‍. ശക്തമായ സാമ്പത്തിക അടിത്തറ. ഉറച്ച മാനേജ്‌മെന്റ്. ഇങ്ങനെ എല്ലാ ഘടകങ്ങളിലും മുന്‍പന്തിയിലുള്ള യുണൈറ്റഡ് ശക്തമായി തിരിച്ചുവരും-സ്‌കൈ സ്‌പോര്‍ട്‌സ് ടെലിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് സ്‌കുഡാമോര്‍ പറഞ്ഞു.

പ്രിമിയര്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ് മാന്‍യു ഇത്തവണ. ലീഗ് പൂര്‍ത്തിയാവും മുന്‍പ് കോച്ച് മോയസിനെ പുറത്താക്കി. സീനിയര്‍ താരം റയാന്‍ ഗിഗ്‌സിന്റെ താല്‍ക്കാലി പരിശീലനത്തിന്‍ കീഴിലായിരുന്നു മാന്‍യു അവസാന മത്സരങ്ങള്‍ കളിച്ചത്. കോച്ചായി കളത്തിന് പുറത്തുനിന്ന ഗിഗ്‌സ് ഒരുമത്സരത്തില്‍ ചെങ്കുപ്പായമണിഞ്ഞ് കളിക്കാനിറങ്ങുകയും ചെയ്തു. അങ്ങനെ ഒരുകളിയില്‍ തന്നെ കോച്ചായും കളിക്കാരനായും വേഷമണിഞ്ഞ് ഗിഗ്‌സ് സമാനതകളില്ലാത്ത റെക്കോര്‍ഡും സ്വന്തമാക്കി.

ഡച്ചുകാരനായ ലൂയിസ് വാന്‍ഗാല്‍ മാന്‍യുവിന്റെ പുതിയ പരിശീലകനാവുമെന്നാണ് കരുതുന്നത്. വാന്‍ഗാലും ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തായാലും ഉടച്ചുവാര്‍ത്തൊരു മാന്‍യുവിനെ ആയിരിക്കും അടുത്ത സീസണില്‍ കാണുക, ഉറപ്പ്.

Post a Comment

0 Comments