സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഗോള്‍വേട്ടയിലെ നിത്യഹരിത റെക്കോര്‍ഡുമായി ഫൊണ്ടെയ്ന്‍



ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലെത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് ബ്രസീലിന്റെ റൊണാള്‍ഡോ. 15 ഗോളുകളോടെയാണ് റൊണാള്‍ഡോ ഗോള്‍വേട്ടയിലെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 1998, 2002, 2006 ലോകകപ്പുകളില്‍ കളിച്ചാണ് റൊണാള്‍ഡോയുടെ 15 ഗോളുകള്‍. എന്നാല്‍ ലോകകപ്പില്‍ ഇതുവരെ തകര്‍ക്കപ്പെടാത്ത, തകരാന്‍ സാധ്യത വളരെ കുറവുള്ളൊരു റെക്കോര്‍ഡുണ്ട്, ഫ്രാന്‍സിന്റെ ജസ്റ്റ് ഫൊണ്ടെയ്‌ന്റെ പേരില്‍. ഒരൊറ്റ ലോകകപ്പില്‍ 13 ഗോളുകള്‍ നേടിയാണ് ഫൊണ്ടെയ്ന്‍ ഇന്നും ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ തിളങ്ങുന്നത്.

1958 ലോകകപ്പിലായിരുന്നു ഫൊണ്ടെയ്‌ന്റെ ഗോള്‍മഴ. പ്രായം എണ്‍പതിലെത്തിയെങ്കിലും 1958ലെ ഓര്‍മകള്‍ ഇന്നലെയെന്നോണം ഫൊണ്ടെയ്‌ന്റെ മനസ്സില്‍  തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഫ്രഞ്ച് ലീഗില്‍ 32 കളികളില്‍ നിന്ന് 39 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ഫൊണ്ടെയ്ന്‍ ലോകകപ്പിനെത്തിയത്. സ്‌റ്റേഡ് ഡി റെയിംസിന് വേണ്ടിയായിരുന്നു ലീഗിലെ ഗോള്‍വര്‍ഷം. ഫൊണ്ടെയ്‌ന്റെ മികവില്‍ ടീം ലീഗ് ചാമ്പ്യന്‍മാരാവുകയും ചെയ്തു.


ഫുട്‌ബോള്‍ തട്ടുന്ന ഏതൊരു താരത്തിന്റെയും സ്വപ്നമാണ് ലോകകപ്പ്. എന്നാല്‍ ലോകഫുട്‌ബോള്‍ മാമാങ്കത്തില്‍ ബൂട്ടുകെട്ടാന്‍ അവസരം ലഭിക്കുന്നവര്‍ വളരെ കുറവാണ്. ഈയൊരു പശ്ചാത്തലത്തില്‍  ഫൊണ്ടെയ്‌ന്റെ ജീവിതകഥ കൗതുകകരമാണ്. അച്ഛന്‍ നോര്‍വേക്കാരന്‍. അമ്മ സ്‌പെയ്ന്‍കാരി. ജനനം മൊറോക്കോയില്‍. എന്നിട്ടും ഫൊണ്ടെയ്ന്‍ ലോകകപ്പില്‍ കളിച്ചു, ഫ്രാന്‍സിന് വേണ്ടി. 13 ഗോളുകള്‍ അടിച്ചുകൂട്ടി ചരിത്രപുസ്തകത്തില്‍ ഇടംപിടിക്കുകയും ചെയ്തു.

ഇന്നത്തെപ്പോലെയല്ല അന്നത്തെ രീതികള്‍. സ്‌പോണ്‍സര്‍മാരോ, ഇത്രപ്രതിഫലമോ, ആധുനിക പരിശീലന രീതികളോ ഉണ്ടായിരുന്നില്ല, എന്തിന് ഒരുജോഡി ബൂട്ടുകള്‍ മാത്രമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ എന്റെ ബൂട്ടിന് കേടുപറ്റി. എന്റെ കാലിന്റെ അതേ അളവുള്ള മറ്റൊരു കളിക്കാരന്റെ ബൂട്ടണിഞ്ഞാണ് കളത്തിലിറങ്ങിയത്. ഒരുബൂട്ടിനകത്ത് രണ്ട് മനസ്സുകള്‍ എന്നാണ് ഞാനന്ന് കൂട്ടുകാരോട് പറഞ്ഞത്- ഫൊണ്ടെയ്ന്‍ ഓര്‍ക്കുന്നു.



സ്വീഡനില്‍ നടന്ന ലോകകപ്പ് ടീമിലേക്ക് അവസാനനിമിഷമാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ടീമിനെക്കുറിച്ച് നാട്ടുകാര്‍ക്കുപോലും വലിയ പ്രതീക്ഷയില്ലായിരുന്നു. ടൂര്‍ണമെന്റിനായി ആദ്യം സ്വീഡനിലെത്തിയത് ഫ്രാന്‍സായിരുന്നു. ആദ്യം മടങ്ങേണ്ടവര്‍ ആദ്യമെത്തി എന്നാണ് അന്നൊരു ഫ്രഞ്ച് പത്രം തലക്കെട്ട് നല്‍കിയത്.

ആദ്യകളിയില്‍ ഫ്രാന്‍സ് 2-1ന് സ്‌കോട്‌ലാന്‍ഡിനെ തോല്‍പിച്ചു. രണ്ടാമത്തെ കളിയില്‍ ഫൊണ്ടെയ്ന്‍ ഹാട്രിക് നേടിയപ്പോള്‍ തകര്‍ന്നത്  പരാഗ്വേ. മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം. യൂഗോസ്ലാവ്യക്കെതിരെ 3-2ന് തോറ്റുപ്പോഴും രണ്ടും ഗോളുകളും ഫൊണ്ടെയ്‌ന്റെ ബൂട്ടില്‍ നിന്നായിരുന്നു. രണ്ട് ജയത്തോടെ എല്ലാവരെയും അമ്പരപ്പിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു.

ക്വാര്‍ട്ടറിലും ഫൊണ്ടെയ്ന്‍ തന്നെയായിരുന്നു താരം. ഫൊണ്ടെയ്ന്‍ രണ്ടു ഗോളടിച്ച കളിയില്‍ വടക്കന്‍ അയര്‍ലാന്‍ഡിനെതിരെ നാലുഗോള്‍ ജയത്തോടെ സെമിയില്‍. സാക്ഷാല്‍ പെലെ ഉദയം ചെയ്ത ലോകകപ്പില്‍ ബ്രസീലായിരുന്നു എതിരാളികള്‍. പെലെയുടെ ഹാട്രിക്കില്‍ ബ്രസീല്‍ 5-2ന് ഫ്രാന്‍സിനെ തോല്‍പിച്ചു. ഫ്രാന്‍സിന്റെ മറുപടി ഗോളുകളില്‍ ഒന്ന് ഫൊണ്ടെയ്‌ന്റെ ബൂട്ടില്‍ നിന്നായിരുന്നു.ലൂസേഴ്‌സ് ഫൈനലില്‍ പശ്ചിമ ജര്‍മനിയായിരുന്നു ഫ്രാന്‍സിന്റെ എതിരാളികള്‍.



 ഫൊണ്ടെയ്ന്‍ പെരുമഴയായി പെയ്തപ്പോള്‍ ജര്‍മനിയുടെ വലയില്‍ വീണത് ആറുഗോളുകള്‍. ഇതില്‍ നാലും ഫൊണ്ടെയ്‌ന്റെ കാലില്‍നിന്നായിരുന്നു. മൂന്ന് ഗോളുകള്‍ ഫ്രാന്‍സും വഴങ്ങി. അതോടെ ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും ഗോളുകള്‍ പിറന്ന മത്സരമെന്ന റെക്കോര്‍ഡും ഈ മത്സരത്തിനൊപ്പമായി. മാത്രമല്ല, 13 ഗോളുകളാണ് ഫൊണ്ടെയ്‌ന്റെ പേരിനൊപ്പം കുറിക്കപ്പെട്ടത്.

തന്റെ സമാനതകളില്ലാത്ത ഗോള്‍വേട്ടയെക്കുറിച്ച് ഫൊണ്ടെയ്ന്‍ ഇന്നും വിനയാന്വിതനാണ്. 'എന്റെ 13 ഗോളുകളേക്കാള്‍ ഫ്രാന്‍സിന്റെ മൂന്നാം സ്ഥാനത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. അന്നൊന്നും ടോപ് സ്‌കോറര്‍ക്ക് ഇന്നത്തെപ്പോലെ പ്രാധാന്യമൊന്നുമില്ല. എന്റെ എല്ലാ ഗോളുകള്‍ക്കും സഹസ്‌ട്രൈക്കറായ റെയ്മണ്ട് കോപ്പയുടെ സഹായം ഉണ്ടായിരുന്നു. ആക്രമണ ഫുട്‌ബോള്‍ കളിച്ച ഞങ്ങള്‍ ആറ് മത്സരങ്ങളില്‍ നിന്ന് നേടിയത് 23 ഗോളുകളാണ്. കാലില്‍ പന്ത് കിട്ടിയാല്‍ റെയ്മണ്ട് എവിടെയുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു, അദ്ദേഹത്തിന് തിരിച്ചും. അത്തരമൊരു ഒത്തിണക്കമായിരുന്നു ഞങ്ങളുടേത്'.  ഫൊണ്ടെയ്ന്‍ 13 ഗോളടിച്ചെങ്കിലും റെയ്മണ്ടാണ് ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്നത്തെപ്പോലെ ഗോള്‍ഡന്‍ ബൂട്ടോ നക്ഷത്ര തിളക്കമോ അന്നുണ്ടായിരുന്നില്ല. എങ്കിലും സ്വീഡനിലെ മാധ്യമങ്ങള്‍ മികച്ച താരമായി തെരഞ്ഞെടുത്ത് ഫൊണ്ടെയ്‌നെ ആദരിച്ചു. 1986ലെ മെക്‌സിക്കോ ലോകകപ്പിലെ ടോപ് സ്‌കോററായ ഗാരി ലിനേക്കര്‍ തനിക്ക് ലഭിച്ച ഗോള്‍ഡന്‍ ബൂട്ട് ഫൊണ്ടെയ്‌ന് സമര്‍പ്പിച്ചു. 12 വര്‍ഷമേ ഫൊണ്ടെയ്ന്‍ കളിത്തട്ടിലുണ്ടായിരുന്നുള്ളൂ. വിവിധ ക്ലബുകള്‍ക്ക് വേണ്ടി 200 കളികളില്‍ നിന്ന് 165 ഗോളുകള്‍ നേടി. ഫ്രാന്‍സിന് വേണ്ടി ബൂട്ടുകെട്ടിയത് 21 കളികളില്‍ മാത്രം. നേടിയത് 30 ഗോളുകളും. പരിക്ക് വില്ലനായെത്തിയപ്പോള്‍ ഇരുപത്തിയാറാം വയസ്സില്‍ ഫൊണ്ടെയ്ന്‍ ബൂട്ടഴിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

കാലം ഏറെക്കഴിഞ്ഞു. നൂറ്റാണ്ടുതന്നെ മറിഞ്ഞുവീണു. കളിയും കളിക്കാരും കളിത്തട്ടുകളും മാറി. എങ്കിലും ഫൊണ്ടെയ്ന്‍ ഇപ്പോഴും താരമാണ്. മറക്കാനാവാത്ത മായ്ക്കനാവാത്ത താരം. അതുകൊണ്ടുതന്നെയാണ് പെലെ തെരഞ്ഞെടുത്ത് ഏറ്റവും മികച്ച 125 താരങ്ങളുടെ പട്ടികയില്‍ ഫൊണ്ടെയ്ന്‍ ഇടംപിടിച്ചത്.

Post a Comment

0 Comments